District News
വലിയതുറ: എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ തിരുവനന്തപുരം കോര്‍പറേഷനിലെ വളളക്കടവ് വാര്‍ഡ് തീപാറുന്ന പോരാട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി എല്‍ഡിഎഫിന്റെ കൈവശമുളള വളളക്കടവ് വാര്‍ഡ് പിടിച്ചെടുക്കുന്നതിനുളള കഠിനശ്രമത്തിലാണ് യുഡിഎഫും എന്‍ഡിഎയും ഒപ്പം എസ്ഡിപിഐയും. 2020 ലെ തെരഞ്ഞടുപ്പില്‍ എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തിയത് മുന്നണികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുകയാണ്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ ജിയോ ടാഗിംഗ് സര്‍വേയറും എസ്എടി ആശുപത്രി വികസന സമിതി അംഗവുമായ മുസ്ലിംലീഗിലെ ബി. നജുമുന്നീസയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആദ്യമത്സരമാണ്. ഡ്രെയിനേജ് സംവിധാനത്തിന്റെ പോരായ്മ, മുട്ടത്തറയില്‍ വികലാംഗര്‍ക്കായുള്ള ഫണ്ട് നിര്‍മാണം തറക്കല്ലില്‍ ഒതുങ്ങിയത്, പൊതു ഇടങ്ങളില്‍ തളളുന്ന അറവു മാലിന്യം തുടങ്ങിയവയാണ് പ്രധാന പ്രചരണായുധങ്ങൾ.
നിലവിലെ കൗണ്‍സിലറും കോര്പറേഷന് മുന്‍ സ്ഥിരം സമിതി അധ്യക്ഷയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജിത നാസര്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്നാം മത്സരമാണ്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി, വളളക്കടവിലെ വേസ്റ്റ് നിക്ഷേപിച്ചിരുന്ന സ്ഥലം സ്റ്റേഡിയമാക്കി, തുണി സഞ്ചി നിര്‍മാണ യൂണിറ്റ്, മാര്‍ക്കറ്റ് നിര്‍മാണം, ആരോഗ്യ കേന്ദ്രം സ്ഥാപിച്ചു തുടങ്ങിയനേട്ടങ്ങള് വോട്ടാക്കി മാറ്റാനാണു ശ്രമം.
മഹിളാ മോര്‍ച്ച തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം വൈസ് പ്രസിഡന്റായ ഗീത ദിനേശാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആദ്യമത്സരം. വളളക്കടവ് ചിത്ര നഗറിലെ ഡ്രെയിനേജ് പ്രശ്നം, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ശ്രീവരാഹം മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുളള റോഡ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണു പ്രചാരണം.
District News
വെഞ്ഞാറമൂട്: വേളാവൂര്‍ ശ്രീകുമാര്‍ -സുരേഷ് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണമൊരുക്കി. മാണിക്കല്‍ പഞ്ചായത്തിലെ കോലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിധിയില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കാണ് സ്വീകരണമൊരുക്കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആര്.എം. ഷെഫീര്‍ ഉദ്ഘാടനം ചെയ്തു . കിരണ്‍ ദാസ് , വെമ്പായം അനില്‍കുമാര്‍, കെ. പീതാംബരന് നായര്‍, എസ്.എസ്. ചന്ദ്രകുമാര്‍, കോലിയക്കോട് മഹീന്ദ്രന്, ആശിഷ്, ബി. ശ്രീകുമാര്‍, സുരേന്ദ്രന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്ഥാനാര്‍ത്ഥികള്‍ മറുപടി പ്രസംഗം നടത്തി.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് തുടങ്ങിയിട്ടേയുള്ളുവെന്നും കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ശബരിമല അയ്യപ്പന്റെ സ്വര്‍ണം അപഹരിച്ചതില് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ള വ്യക്തമായ പങ്ക് തിരിച്ചറിഞ്ഞ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ വിധി പറയും. സ്വര്‍ണക്കൊള്ളയില്‍ മുഖ്യപങ്കുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്.
പത്മകുമാറിനെയും വാസുവിനെയും ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളിക്കും പങ്കുള്ളതായി മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന് ഒട്ടേറെ തെളിവുകളുണ്ട്. അതിനാല്‍ സിപിഎം നേതാക്കളുടെ ജയിലേക്കുള്ള ഘോഷയാത്രയ്ക്ക് ഇനിയും കേരളം സാക്ഷ്യം വഹിക്കുമെന്ന് സതീശന് കോട്ടയം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ പറഞ്ഞു.
കൊള്ളക്കാരുടെയും കൊടും ക്രിമിനലുകളുടെയും പാര്‍ട്ടിയായി സിപിഎം മാറി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പോലീസിനെ ആക്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവിന് വിധിച്ച ക്രിമിനലിനെയും വെള്ളപൂശി സിപിഎം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നു. പിണറായി ഭരണത്തെ വെറുത്തുമടുത്ത ജനങ്ങളുടെ വിധി യുഡിഎഫിന് അനുകൂലമാകും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാത്തത് അവന് തമ്മിലുള്ള രഹസ്യ ധാരണകൊണ്ടാണ്. വടക്കേ ഇന്ത്യയില്‍ മിഷനറിമാരെ ആക്രമിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ആരാധന തടസപ്പെടുത്തുകയും ചെയ്യുന്ന ബിജെപി കേരളത്തില്‍ ക്രൈസ്തവപ്രീണനം നടത്തുന്നത് ഇരട്ടത്താപ്പാണ്.
ആട്ടിന്‍തോലണിഞ്ഞ ബിജെപിയുടെ വര്‍ഗീയ അജന്‍ഡ കേരളത്തിലെ ക്രൈസ്തവര്‍ മനസിലാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കിട്ടാമായിരുന്ന വോട്ടകൂടി ഇല്ലാതാകാന്‍ പിണറായി ഭരണം ഇടയാക്കുമെന്നും റബര്‍, നെല്ല് വിലയിടിവില്‍ കര്‍ഷകരുടെ തിരിച്ചടി ഉറപ്പാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
Kerala
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പില്‍ വന്യമൃഗങ്ങള്‍ ബൂത്തുകൾ കൈയേറി ഭീഷണി മുഴക്കാൻ സാധ്യത. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും സുരക്ഷ മുന്‍നിർത്തി വന്യമൃഗ ഭീഷണിയുള്ള പ്രദേശങ്ങളിലെ ബൂത്തുകളില്‍ ഇക്കുറി വനപാലകരുടെയും കാവലുണ്ടാകും. ഇവരുടെ കൈയില്‍ തോക്കും പന്തവും പടക്കവും ഉള്‍പ്പൈടെ കരുതല്‍ സാമഗ്രികളുമുണ്ടാകും.
വടക്കേ ഇന്ത്യയില്‍ നക്സലും മാവോയിസ്റ്റുകളുമാണ് തെരഞ്ഞെടുപ്പില്‍ ബൂത്തു കൈയേറുന്നതെങ്കില്‍ കേരളത്തിലെ വിവിധ ജില്ലകളായി അഞ്ഞൂറിലേറെ ബൂത്തുകളിലാണ് വന്യമൃഗങ്ങളുടെ ഭീഷണിയുള്ളത്. സംസ്ഥാനത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇലക്ഷന് നടത്താന്‍ പോകുന്ന ഉദ്യോഗസ്ഥരുടെ മുന്‍പിലും പിന്നിലും തോക്കേന്തിയ പോലീസും വനപാലകരും പോകാറുണ്ട്.
ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയുണ്ടായാല്‍ എത്ര തലയെടുപ്പുള്ള മൃഗത്തെയും വെടിവച്ചുവീഴ്ത്താന്‍ ജില്ലാ കളക്ടര്‍ മുന്‍കൂര്‍ അനുമതിയും നല്‍കാറുണ്ട്. സമാനമായ സാഹചര്യം നിലവില്‍ വിവിധ ജില്ലകളിലെ ബൂത്തുകളിലുമുണ്ട്.
കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും ബൂത്തില്‍ മാത്രമല്ല, വഴിയില്‍ നിലയുറപ്പിച്ചാലും ഗോത്രവാസികളും നാട്ടുവാസികളും വോട്ടു ചെയ്യാന്‍ പോകാന്‍ ഭയപ്പെടും. ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ വന്യമൃഗങ്ങള്‍ നടത്താവുന്ന നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന ആലോചന മുറുകുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടുള്ള ബോധവത്കരണ നടപടികൾക്കായി പ്രവാസികളുടെ യോഗം വിളിക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാരിനു കീഴിലുള്ള നോർക്കയ്ക്ക് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ കടുത്ത വിമർശനം. യോഗം വിളിക്കാൻ ആവശ്യപ്പെട്ടു നോർക്കയ്ക്ക് വീണ്ടും കത്ത് നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ യോഗത്തെ അറിയിച്ചു.
നേരത്തേ, ഇതേ ആവശ്യമുന്നയിച്ചു കത്ത് നൽകിയിരുന്നു. ബോധവത്കരണത്തിനായുള്ള മെറ്റീരിയലുകളും കൈമാറിയിരുന്നു. എന്നാൽ, അനുകൂല പ്രതികരണം ഇനിയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്ന മലയാളികൾക്ക് എസ്ഐആറുമായി ബന്ധപ്പെട്ട് നിർദേശങ്ങളും ബോധവത്കരണ പരിപാടികളും ലഭിക്കാത്തത് ഇവരെ ഏറെ ആശങ്കയിൽ ആഴ്ത്തുന്നതായി മുസ്ലിം ലീഗ് പ്രതിനിധിയായ മുഹമ്മദ് ഷായാണ് ആവശ്യപ്പെട്ടത്.
പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച നോർക്ക ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തത് ഏറെ ആശങ്കാജനകമാണ്. ആവശ്യമായ ബോധവത്കരണവും സഹായവും നൽകാൻ നോർക്കയ്ക്ക് നിർദേശം നൽകണമെന്നും കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎൽഒമാർ ഇപ്പോൾ നടത്തുന്ന സ്പെഷൽ ഡ്രൈവ് സംബന്ധിച്ച് ജനങ്ങൾ ഒന്നും അറിയുന്നില്ലെന്നും പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കാൻ സംവിധാനമൊരുക്കാൻ കളക്ടർമാർക്കും ഇആർഒമാർക്കും നിർദേശം നൽകണമെന്ന് കോണ്‍ഗ്രസിലെ എം.കെ. റഹ്മാൻ ആവശ്യപ്പെട്ടു.
പാർട്ടി ഗ്രാമങ്ങളിൽ അടക്കം ചില രാഷ്ട്രീയ പാർട്ടികളുടെ ഭീഷണിക്ക് വിധേയരാകുന്ന ബിഎൽഒമാർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് ബിജെപി പ്രതിനിധികളായ ജെ.ആർ. പത്മകുമാറും ബി. ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ ന്യായമായ ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്ന് ആർഎസ്പി പ്രതിനിധി കെ. ജയകുമാർ നിർദേശിച്ചു. എസ്ഐആറിന്റെ കാലാവധി നീട്ടണമെന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധി മാത്യു ജോർജ് ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: രമേശ് ചെന്നിത്തലയുടെ ജനാധിപത്യസംരക്ഷണ ജാഥയ്ക്കും രാഹുൽ മാങ്കൂട്ടത്തിലിന്റെ യുവ പദയാത്രയ്ക്കും മലപ്പട്ടത്തെ ഇളക്കാനായില്ല. ഇക്കുറിയും അവിടെ മൂന്നു സീറ്റുകളിൽ സിപിഎമ്മിന് എതിരില്ല. മലപ്പട്ടത്തും ആന്തൂരും വലിയ ഭീഷണിയുണ്ടെന്നാണ് യുഡിഎഫ് ആരോപണം. സമർദത്താൽ പത്രിക പിൻവലിച്ചാൽ ‘എതിരില്ലാത്തവർ’ ഇനിയും കൂടും.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സനീഷിന്റെ വീട് ആക്രമിച്ചതിലും ഗാന്ധി പ്രതിമ തകർത്തിലും പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ മലപ്പട്ടത്ത് പദയാത്ര നടത്തിയിരുന്നു. എന്നാൽ, ഈ സംഭവം നടന്ന സ്ഥലമായ അഡുവാപ്പുറത്താണ് എൽഡിഎഫിന് എതിരാളിയില്ലാതെ പോയത്. പഞ്ചായത്ത് രൂപീകരിച്ച ശേഷം സിപിഎം മാത്രമേ മലപ്പട്ടം ഭരിച്ചിട്ടുള്ളൂ.
സിപിഎമ്മിനെതിരേ മത്സരിപ്പിക്കുക സ്വപ്നം കാണാൻ കഴിയാത്ത അവസ്ഥ. പത്രിക പിൻവലിച്ചില്ലെങ്കിൽ ജീവിക്കാനാകില്ല. മലപ്പട്ടത്ത് 1995 ലെ തെരഞ്ഞെടുപ്പിൽ ചൂളിയാട്ടുനിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥി ജയിച്ചത് സിപിഎമ്മിന് അടിയായി. അടുത്ത വാർഡ് വിഭജനത്തോടെ ചൂളിയാട്ടിലെ യുഡിഎഫ് വോട്ടുകൾ പല വാർഡുകളിലായി ചിതറി. 2020ൽ രണ്ടാം വാർഡ് ആയ അടൂരിൽ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ മേലേക്കടവത്ത് 51 വോട്ടിന് വിജയിച്ചു.
ആന്തൂർ പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന നഗരസഭയാണ്. ഇത്തവണ രണ്ട് സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല. നഗരസഭ രൂപീകരിച്ച് ആദ്യമായി തെരഞ്ഞെടുപ്പു നടന്ന 2015ൽ സിപിഎമ്മുകാരായ 14 പേർക്കും 2020 ൽ ആറു പേർക്കും എതിരില്ലായിരുന്നു.
Kerala
കണ്ണൂർ: ഇരുത്തംവന്നവരവിടെ നിൽക്കട്ടെ, യുവത്വം തുളുന്പുന്നവർ വരൂ എന്നാണ് ഇക്കുറി മുന്നണികൾ പറഞ്ഞത്. 21 വയസിനും 40നും ഇടയിൽ പ്രായമുള്ളർ മത്സരരംഗത്ത് ഏറെയുണ്ട്.
വനിതാസംവരണ സീറ്റുകളിലാണ് കൂടുതൽ യുവരക്തം. രാഷ്ട്രീയ പാർട്ടികളുടെ യുവസംഘടനകൾക്കും പ്രവർത്തകർക്കും സീറ്റുകൾ വാരിക്കോരി നല്കി.
അമ്പതു വയസ് പിന്നിട്ട, പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരില്‍ ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്കു മാത്രമാണ് ഇത്തവണ സീറ്റ്. അവിടെയും 60 വയസിനു മുകളിലുള്ളവരെ പരമാവധി ഒഴിവാക്കുന്നുണ്ട്. സ്ഥാനാർഥിലിസ്റ്റിൽ 21 വയസിനും 30നും ഇടയിലുള്ളവരുടെ എണ്ണവും ഇക്കുറി കൂടുതലാണ്. ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുന്നവരും മത്സരരംഗത്തുണ്ട്.
രാഷ്ട്രീയം മാത്രം തൊഴിലാക്കിയവരല്ല മത്സരിക്കുന്നത്. മറിച്ച്, മികച്ച ജോലിയുള്ളവരാണ് രംഗത്തുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ കൃത്യമായ ആസൂത്രണത്തിനൊപ്പം കിടിലൻ പ്രോജക്ട് റിപ്പോര്‍ട്ടും വേണം. സാങ്കേതികവിദ്യ വിരൽത്തുമ്പിലിട്ട് അമ്മാനമാടുന്ന പുതുതലമുറ വരാതെ വയ്യ.
District News
കോഴിക്കോട്: ലോക്കായ കലാകാരന്മാരുടെ ലോക്ക് പൊട്ടിക്കുന്ന കാലം കൂടിയാണ് തെരഞ്ഞെടുപ്പ്.തദ്ദേശ തെരഞ്ഞെടുപ്പാകുമ്പോള്‍ പ്രത്യേകിച്ചും. പാരഡി ഗാനങ്ങള്‍ക്ക് മാര്‍ക്കറ്റ് ഏറെയാണ്. മാത്രമല്ല അത്യാവശ്യം കാശും കിട്ടും. സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യർഥിച്ചുള്ള പാരഡി ഗാനങ്ങൾ റിക്കാര്‍ഡിംഗ് സ്റ്റുഡിയോകളില്‍ ഒരുങ്ങുകയാണ്.
വടക്കൻ മലബാറിന്റെ സമരചരിത്രം ഓർമിപ്പിക്കുന്ന വിപ്ലവ ഗാനങ്ങൾക്കും ഒപ്പം മാപ്പിളപ്പാട്ടിന്റെ ഈണത്തിലുള്ള വോട്ടഭ്യർഥനയ്ക്കുമാണ് ഏറെ പ്രിയം. പാട്ടിനൊപ്പമുള്ള വോട്ടഭ്യർഥനയിൽ പുതുമകൾ കൊണ്ടുവരാൻ മത്സരിക്കുകയാണ് സ്റ്റുഡിയോകളും ഗായക സംഘങ്ങളും. യുവാക്കളെയും വീട്ടമ്മമാരെയും ഒരുപോയെ കയ്യിലെടുക്കുന്ന ഗാനങ്ങള്‍ക്കും പ്രിയമേറെയാണ്.
അടുത്ത കാലത്തായി പുറത്തിറങ്ങി സൂപ്പര്‍ വിജയം കൊയ്ത ലോക എന്ന സിനിമയിലെ കിളിയേ കിളിയേ...എന്ന റീമേക്ക് സോംഗ് ഇതിനകം റിക്കാര്‍ഡിംഗ് സ്റ്റുഡിയോകളിലെ ഫേവറൈറ്റായി കഴിഞ്ഞു. ഇതിനൊപ്പം തന്നെ സമീപകാലത്തിറങ്ങിയ ഫാസ്റ്റ് നമ്പറുകള്‍ക്കും പ്രിയമേറെയാണ്.
സ്റ്റുഡിയോകളും പാട്ടെഴുതുന്നവരും ഗായകരും വാദ്യോപകരണങ്ങൾ വായിക്കുന്നവരും സജീവമായിക്കഴിഞ്ഞു. പ്രാദേശികമായ വിഷയങ്ങൾ ഉപയോഗിച്ച് സ്ഥാനാർഥിയുടെ പേര്, മുന്നണി, നേട്ടങ്ങൾ, വിമർശനങ്ങൾ ഇവയെല്ലാം കണക്കിലെടുത്താണ് പാട്ടുകൾ തയാറാക്കുന്നത്.
സ്റ്റുഡിയോ വാടക ഓരോ മണിക്കൂറിനുമാണ് കണക്കാക്കുക. തിരക്കേറുമ്പോൾ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയിൽ ഓരോ മണിക്കൂറിലും പുതുഗാനങ്ങൾ പിറക്കും. മുന്നണി വ്യത്യാസമില്ലാതെ മത്സരാർഥികൾ ക്ഷമയോടെ ഊഴം കാത്തു നിൽക്കും.എതിർ സ്ഥാനാർഥിയുടെ ഗാനങ്ങൾക്ക് പാരഡി ഇറക്കാനും ശ്രമിക്കാറുണ്ട്.
ഒരു പാരഡി പാട്ട് എഴുതി റിക്കാർഡ് ചെയ്ത് കൊടുക്കുന്നതിന് 2,000 രൂപ വരെയാണ് ചെലവ്. വിഡിയോ ഉൾപ്പെടെയെങ്കിൽ അത് 4,000 ആകും. ഒരു മണിക്കൂർ നീളുന്ന അനൗൺസ്മെന്റിന് 1500 രൂപ വരെ വേറെ നൽകണം. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരിലെ കലാകാരന്മാര്ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡാണ്. പണം വേറെ നല്കേണ്ടല്ലോ...
Kerala
കൊച്ചി: വാര്‍ഡ് വിഭജനം ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ ഹര്‍ജികളും ഹൈക്കോടതി തള്ളി. വാര്‍ഡ് വിഭജനം സംബന്ധിച്ച വിഷയങ്ങള്‍ കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്നും ഇടപെടാനാവില്ലെന്നും വ്യക്തമാക്കി സിംഗിള്‍ബെഞ്ച് തള്ളിയ ഉത്തരവ് ശരിവച്ചാണ് ഇതിനെതിരായ അപ്പീൽ ഹര്‍ജികള്‍ ജസ്റ്റീസ് അനില്‍.കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചും തള്ളിയത്.
ഒക്ടോബര്‍ ഏഴിനും 13നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകളാണ് ഹർജിക്കാര്‍ ചോദ്യം ചെയ്തത്.രാഷ്ട്രീയ താല്പര്യത്തോടെ സേഛ്വാപരവും പക്ഷപാത പരവുമായാണ് തദ്ദേശസ്വയംഭരണം വാര്‍ഡ് വിഭജനം നടത്തിയിട്ടുള്ളതെന്നും കോടതി ഇടപെടല്‍ അനിവാര്യമാണെന്നുമായിരുന്നു അപ്പീലിലെ വാദം.
എന്നാല്‍, ഭരണഘടന, കേരള പഞ്ചായത്ത് രാജ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം, ഡിലിമിറ്റേഷന്‍ നിയമം എന്നിവ പ്രകാരം അന്തിമ വാര്‍ഡ് വിഭജന ഉത്തരവ് വിജ്ഞാപനം ചെയ്തുകഴിഞ്ഞാല്‍ അത് നിയമപരമായി മാറുമെന്നും പിന്നീട് ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നുമുള്ള സിംഗിള്‍ബെഞ്ച് നിരീക്ഷണം ഡിവിഷന്‍ബെഞ്ചും ശരിവച്ചു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നിക്ഷേപത്തുക ഓണ്‍ലൈനായി അടയ്ക്കാം. ഇ-ട്രഷറി മുഖേന തുക കെട്ടിവയ്ക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുള്ളത്.
ട്രഷറിയുടെ വെബ് സൈറ്റായ www.tereasury.kerala.gov.in വഴി നെറ്റ് ബാങ്കിംഗ്, കാര്‍ഡ് പേമെന്റ്, യുപിഐ, ക്യുആര്‍ കോഡ് തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പണമടയ്ക്കാനാകും. ഇതിനു പുറമേ ter5.tereasury.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയും പണമടയ്ക്കാം. ട്രഷറിയില്‍ നേരിട്ടും വരണാധികാരി മുമ്പാകെയും പണം അടയ്ക്കുന്നതിനുള്ള അവസരവുമുണ്ട്.
ഗ്രാമ പഞ്ചായത്തില്‍ 2000 രൂപ രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 4000 രൂപയും ജില്ലാ പഞ്ചായത്തില്‍ 5000 രൂപയുമാണ് സ്ഥാനാര്‍ഥി കെട്ടിവയ്ക്കേണ്ടത്. നഗരസഭകളിലും കോര്‍പറേഷനിലും ഇത് യഥാക്രമം 4000, 5000 രൂപ വീതവുമാണ് .
പട്ടികജാതി, പട്ടികവര്‍ഗം വിഭാഗത്തില്‍പ്പെട്ടവര്‍ ഇതിന്റെ 50 ശതമാനം തുക കെട്ടിവച്ചാല്മതി.
Leader Page
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിന് അക്ഷരാർഥത്തിൽ കേരളത്തിൽ ജീവന്മരണ പോരാട്ടമാകുകയാണ് ഡിസംബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ അന്തസുള്ള വിജയം നേടാനായില്ലെങ്കിൽ ജനാധിപത്യമുന്നണിയുടെ ഭാവിതന്നെ അപകടത്തിലാകും. മുന്നണിയിലെ അസ്തിത്വഭയമുള്ള പാർട്ടികൾക്ക് പുതിയ ബന്ധങ്ങൾ കണ്ടെത്തേണ്ടിവരും. നിയമസഭയിലേക്കും ലോക്സഭയിലേക്കും നടക്കുന്ന തെരഞ്ഞടുപ്പുകളുടെ സൂചനയാകുമോ തദ്ദേശ തെരഞ്ഞെടുപ്പു ഫലം എന്ന ചോദ്യം പ്രസക്തമാണ്. കുറേക്കൂടി കൃത്യമാക്കിയാൽ 2026 ഏപ്രിലിലോ മേയിലോ നടക്കുന്ന നിമയസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനയാകുമോ 2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം? ചരിത്രം പഠിപ്പിക്കുന്നത് ഇങ്ങനെയാണ്:
2010ൽ എട്ടു ജില്ലാ പഞ്ചായത്തും 31 നഗരസഭകളും ജനാധിപത്യമുന്നണി നേടി. ഇടതുമുന്നണിക്കു ലഭിച്ചത് അഞ്ചു ജില്ലാ പഞ്ചായത്തും 18 നഗരസഭകളുമായിരുന്നു; ഏതാണ്ട് ഒപ്പത്തിനൊപ്പം. കൂടെ ഭരണവിരുദ്ധ വികാരവും. എന്നിട്ടും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി കഷ്ടിച്ചാണ് കടന്നുകൂടിയത്. നിയമസഭയിൽ ഒരു സീറ്റായിരുന്നു ഭൂരിപക്ഷം. മുന്നണിയിൽ പ്രത്യേകിച്ചും കോണ്‍ഗ്രസിൽ നല്ല ആഭ്യന്തര കലാപമായിരുന്നു എന്നത് മറക്കുന്നില്ല. 2014ൽ കേരളത്തിലെ 20 ലോക്സഭാ സീറ്റുകളിൽ 12ഉം ജനാധിപത്യമുന്നണിക്കായിരുന്നു. ഇടതുമുന്നണിക്ക് എട്ടു സീറ്റ് ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം നൽകിയ മുന്നറിയിപ്പ് ജനാധിപത്യമുന്നണി അവഗണിച്ചു, പ്രത്യേകിച്ചു കോണ്‍ഗ്രസ്. അവർ പരപ്സരം വെട്ടി.
2015ൽ ചിത്രം മാറി. ജില്ലാ പഞ്ചായത്തുകൾ സമാസമമായി, ഏഴു വച്ച്. 152 ബ്ലോക്ക് പഞ്ചായത്തിൽ 90ഉം ഇടതുമുന്നണി പിടിച്ചു. ആറ് കോർപറേഷനുകളിൽ നാലും ഇടതുമുന്നണിക്കായിരുന്നു. 941 ഗ്രാമപഞ്ചായത്തുകളിൽ 549ഉം ഇടതുമുന്നണി പിടിച്ചു. ജനാധിപത്യമുന്നണിക്കു ലഭിച്ചത് 365 ആണ്. ബിജെപി 14 പഞ്ചായത്തിൽ ജയിച്ചു. 81 മുനിസിപ്പാലിറ്റികളിൽ 44 എണ്ണം ഇടതുമുന്നണി പിടിച്ചു. 43ൽ ജനാധിപത്യമുന്നണി ജയിച്ചു. അതായത്, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയുടേതായിരുന്നു. ഒപ്പം, സോളാറും ബാർകോഴയും പോലെ ജനാധിപതമുന്നണിയുടെ ആൾക്കാർതന്നെ ഇട്ടുകൊടുത്ത വടികളും. ഈ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 97 അംഗങ്ങളുമായി ഇടതുമുന്നണി വിജയിച്ചു.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. നിയമസഭാ തെരഞ്ഞടുപ്പിൽ തോറ്റ ജനാധിപത്യമുന്നണിക്ക് കേരളത്തിലെ 20ൽ 19 സീറ്റും ലഭിച്ചു. ഇടതുമുന്നണിക്കു ലഭിച്ചത് ഒരു സീറ്റാണ്. ജനാധിപത്യമുന്നണിക്കു ലഭിച്ചത് 47.48 ശതമാനം വോട്ട്. ഇടതുമുന്നണിക്ക് 35.29 ശതമാനം വോട്ടും. അപകടസൂചന മനസിലാക്കിയ പിണറായി ഉണർന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ജനാധിപത്യമുന്നണിയെ കൂടുതൽ ദുർബലമാക്കി. കോണ്‍ഗ്രസുകാർ അംഗീകരിക്കാൻ മടിച്ച കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിലാക്കി. അത്തരം തീരുമാനം എടുക്കാനുള്ള കരുത്ത് പിണറായിക്കുണ്ട് എന്നത് തെരഞ്ഞെടുപ്പുവിജയത്തിലെ വലിയ ഘടകമാണ്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് 2,76,56,579 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 2015ൽ 37.4 ശതമാനം വോട്ട് നേടിയ ഇടതുമുന്നണിക്ക് ഇക്കുറി 40.2 ശതമാനം വോട്ട് കിട്ടി. 37.2 ശതമാനം വോട്ട് നേടിയ ജനാധിപത്യമുന്നണി 37.9 ശതമാനമാക്കി. 13.3 ശതമാനം വോട്ട് നേടിയ ബിജെപി മുന്നണി 15 ശതമാനവും വോട്ട് നേടി. അതായത്, എല്ലാ പാർട്ടിക്കും മുന്നണിക്കും 2020ൽ വോട്ട് വർധന ഉണ്ടായി. ഇടതുമുന്നണി 514 പഞ്ചായത്തും വലതുമുന്നണി 321 പഞ്ചായത്തും ബിജെപി 19 പഞ്ചായത്തും പിടിച്ചു. മുനിസിപ്പാലിറ്റികളിൽ 43 എണ്ണം ഇടതുമുന്നണിക്കും 41 എണ്ണം ജനാധിപത്യമുന്നണിക്കും ലഭിച്ചു. രണ്ടെണ്ണമാണ് ബിജെപിക്കു ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 108ഉം ഇടതിനായിരുന്നു. 38 എണ്ണം ജനാധിപത്യമുന്നണിക്കും. ജില്ലാ പഞ്ചായത്തുകളിൽ 11ഉം ഇടതിനായിരുന്നു മൂന്ന് എണ്ണം ജനാധിപത്യമുന്നണിക്കും. കോർപറേഷനുകളിൽ അഞ്ചും ഒന്നുമായിരുന്നു നില. ട്വന്റി ട്വന്റിയും ശക്തമായ സാന്നിധ്യം അറിയിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ ശക്തി പ്രകടിപ്പിക്കുകയും ചെയ്തു. പിണറായിയുടെ കണക്കുകൂട്ടൽ ശരിയായി. കോണ്‍ഗ്രസിന് വല്ലാതെ പിഴച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 97 സീറ്റും യുഡിഎഫ് 43 സീറ്റും നേടി. സിപിഎമ്മിന് ഒറ്റയ്ക്ക് 62 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് 21 സീറ്റാണ് കിട്ടിയത്. ഇടതുമുന്നണി 39 ശതമാനം വോട്ടും ജനാധിപത്യമുന്നണിക്ക് 35 ശതമാനം വോട്ടും ലഭിച്ചു. സിപിഎമ്മിന് 25.4 ശതമാനം വോട്ടും കോണ്‍ഗ്രസിന് 25.1 ശതമാനം വോട്ടും കിട്ടി. എല്ലാ ജില്ലയിലും തന്നെ ഇടതുമുന്നണി മുന്നിലായി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് നാമനിർശേ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.
ഈ മാസം 21 ആണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി. 22ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.
സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം.
District News
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനം സംബന്ധിച്ചും സ്ഥാനാര്‍ഥികൾ, പൊതുജനങ്ങള്‍. ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാ തലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ് കണ്‍വീനര്‍. ജില്ലാ പോലീസ് മേധാവി, ഇലക്ഷന് ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരാണ് അംഗങ്ങൾ.
പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. കുറ്റക്കാര്‍ക്കെതിരേ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും വിഷയം സംബന്ധിച്ച് കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ള പക്ഷം റിപ്പോര്‍ട്ട് സഹിതം കമ്മീഷനിലേക്ക് അയയ്ക്കും.
ജില്ലാ മോണിറ്ററിംഗ് സമിതിയുടെ യോഗം രണ്ട് ദിവസത്തില്‍ ഒരിക്കല്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ യോഗം ചേരും.
District News
കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ എൽഡിഎഫ്. പഞ്ചായത്ത്, കോർപറേഷൻ, മുൻസിപ്പാലിറ്റി തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന എൽഡിഎഫ് വികസന ജാഥകൾ ഉടൻ പൂർത്തിയാകും.
സംഘടനാപരമായ മുന്നൊരുക്കങ്ങളുടെ ഭാഗമായി എൽഡിഎഫ് അസംബ്ലി മണ്ഡലം തല കമ്മിറ്റികൾ പഞ്ചായത്ത്, വാർഡ്, ബൂത്ത് തലങ്ങളിലുള്ള കമ്മിറ്റികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചേർന്ന് തുടർന്നുള്ള പരിപാടികൾ നടപ്പിലാക്കുവാനും ഇന്നലെചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു.
എം.എൻ. സ്മാരകത്തിൽ ജില്ലാ കൺവീനർ പി.എസ്. സുപാൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ എൽഡിഎഫ് ഭാവി പരിപാടികളുടെ പ്രോഗ്രാംഎസ്. ജയമോഹൻ അവതരിപ്പിച്ചു.
മുല്ലക്കര രത്നാകരൻ, കെ.എൻ. ബാലഗോപാൽ, കെ. രാജഗോപാൽ, വഴുതാനാത്ത് ബാലചന്ദ്രൻ, എ. ഷാജു , സി.കെ ഗോപി എന്നിവർ ഉൾപ്പെടെ ജില്ലയിലെ മറ്റ് എൽഡിഎഫ് നേതാക്കന്മാർ യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്ത്, വാർഡ്, ബൂത്ത് തലങ്ങളിലുള്ള കമ്മിറ്റികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചേരാനും തീരുമാനമായി. വാർഡ് തലത്തിലുള്ള കമ്മിറ്റികൾ അഞ്ചികവും ബൂത്ത് തലത്തിലുള്ള കമ്മിറ്റികൾ ഏഴിനകവും യോഗം ചേരണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ എട്ട്, ഒന്‍പത് തീയതികളിൽ ജില്ലയിലെ മുഴുവൻ വീടുകളിലേക്കും ഗൃഹസന്ദർശനം നടത്തും.
ഇടതുപക്ഷ ജനാധിപത്യമുന്നണി സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തുകൊണ്ടാണ് പരിപാടി. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ പ്രചാരണം ശക്തമായി ജില്ലയിലാകമാനം സംഘടിപ്പിക്കാനും തീരുമാനിച്ചു.
District News
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയിലുള്ളത് 26,47,066 വോട്ടര്‍മാര്‍. ഇതിനു പുറമെ പ്രവാസി വോട്ടര്‍ പട്ടികയില്‍ 87 പേരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷന് അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.
ജില്ലയില്‍ 12,69,763 പുരുഷ വോട്ടര്‍മാരും 13,77,271 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ട്രാന്‍സ്ജെന്‍ഡേഴ്സ് 32 പേര്. വോട്ടര്‍ പട്ടികയില്‍ 56,763 പേരെ പുതുതായി ചേര്‍ത്തപ്പോള്‍ 43,854 പേരെ നീക്കം ചെയ്തു.